09:05pm 20 September 2026
NEWS
പരിശ്രമം വിഫലമായാലും പ്രാർത്ഥന ഫലിക്കാതിരിക്കില്ല- ഡി കെ ശിവകുമാർ
15/01/2026  11:35 AM IST
വിഷ്ണുമംഗലം കുമാർ
പരിശ്രമം വിഫലമായാലും പ്രാർത്ഥന ഫലിക്കാതിരിക്കില്ല- ഡി കെ ശിവകുമാർ

കർണാടകം: ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നിലവിൽ മുഖ്യമന്ത്രിസ്ഥാനം അലങ്കരിക്കുന്ന സിദ്ധരാമയ്യ അതേപ്പറ്റി തെല്ലും വ്യാകുലപ്പെടുന്നില്ല എന്നതാണ് ഇവിടെനിന്ന് നൽകാൻ കഴിയുന്ന രസകരമായ യാഥാർഥ്യം. അദ്ദേഹം തികഞ്ഞ ആത്മവിശ്വാസത്തോടെ ഗവണ്മെന്റിന്റെ ഭാവിപദ്ധതികൾ തീരുമാനിച്ചുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. അതിനിടയിൽ പരിശ്രമം വിഫലമായാലും പ്രാർത്ഥന ഫലിക്കാതിരിക്കില്ലെന്ന് ശിവകുമാർ എക്‌സിൽ കുറിച്ചതിന് നിഗൂഢമായ അർത്ഥതലങ്ങളുണ്ട്. ഗൂഡല്ലുരിൽ നിന്നും ഡൽഹിയിലേക്ക് മടങ്ങുംവഴി കോൺഗ്രസ്സിന്റെ സൂപ്പർ ഹൈക്കമാണ്ടും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി മൈസൂരുവിലെ മൻഡകള്ളി എയർപോർട്ടിൽ കുറച്ചുനേരം ചെലവിട്ടിരുന്നു. സിദ്ധരാമയ്യയും ശിവകുമാറും അവിടെചെന്ന് രാഹുൽ ഗാന്ധിയെ സ്വീകരിക്കുകയും പ്രത്യേകം പ്രത്യേകം സംസാരിക്കുകയും ചെയ്തിരുന്നു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഒന്നിലേറെ മാനങ്ങളുള്ള വാചകം ശിവകുമാർ എക്‌സിൽ കുറിച്ചത്. അത് സംസ്ഥാനം മുഴുവൻ ചർച്ചയായി. എന്നാൽ സിദ്ധരാമയ്യയാകട്ടെ രാഹുലുമായി രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. ഗവൺമെന്റിന്റെ പുതിയ പദ്ധതികളുമായി അദ്ദേഹം മുന്നോട്ടുപോവുകയാണ്. ദേവരാജ് അറസിനെ മറികടന്ന് ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന റെക്കോർഡ് സിദ്ധരാമയ്യ സ്ഥാപിച്ചത് കഴിഞ്ഞയാഴ്ചയായിരുന്നു. അതിന്റെ ആഘോഷം കഴിഞ്ഞു. താൻ നേതൃത്വം കൊടുക്കുന്ന രണ്ടാമത്തെ ഗവണ്മെന്റ് അധികാരത്തിൽ ആയിരം ദിവസം തികയ്ക്കുന്നത് വിപുലമായി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് സിദ്ധരാമയ്യ. ആയിരം ദിവസം പൂർത്തിയാകുന്ന ഫെബ്രവരി 13ന് ഹാവേരിയിൽ സാധന സമാവേശ എന്നപേരിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പതിനേഴാമത്തെ തവണ സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പും സാമ്പത്തിക വിദഗ്ധൻ കൂടിയായ സിദ്ധരാമയ്യ നടത്തുന്നുണ്ട്. മാർച്ച്‌ ഒന്നിന് ബഡ്ജറ്റ് അവതരിപ്പിക്കുമെന്ന് അദ്ദേഹം സൂചന നൽകി.ഇതെല്ലാം കാണിക്കുന്നത് മുഖ്യമന്ത്രി എന്നനിലയിൽ അദ്ദേഹം കാലാവധി പൂർത്തിയാക്കുമെന്ന് തന്നെയാണ്. ഗവണ്മെന്റ് കാര്യങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകാനാണ് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതെന്ന് ശിവകുമാർ പിന്നീട് പറഞ്ഞു. എക്‌സിൽ എഴുതിയതിന് മറ്റൊരു അർത്ഥം കാണേണ്ടതില്ലെന്നും ഒരു തീവണ്ടിയാത്രയുമായി ബന്ധപ്പെട്ടാണ് അത് കുറിച്ചതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി ശിവകുമാർ വ്യക്തമാക്കി. ആസാം തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ ചുമതല വഹിക്കുന്ന അദ്ദേഹം ഒരു യോഗത്തിൽ പങ്കെടുക്കാനായി നാളെ ഡൽഹിയിലേക്ക് പോകുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img